മകളുടെ നില ഗുരുതരമാണെന്നറിഞ്ഞ യുവതി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

images.jpg
ഏറ്റുമാനൂര്‍:  അപകടത്തില്‍ പരിക്കേറ്റ മകളുടെ നില ഗുരുതരമാണെന്നറിഞ്ഞ യുവതി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഏറ്റുമാനൂര്‍ പടിഞ്ഞാറെ നടയില്‍ മാരിയമ്മന്‍കോവിലിനു സമീപം വിജയഭവനില്‍ ജഗന്റെ ഭാര്യ രശ്മി(31) ആണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ കിണറ്റില്‍ ചാടിയത്. ശനിയാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം.
ഒരാഴ്ച മുന്‍പ് വീട്ടിനടുത്തുള്ള തീയേറ്ററില്‍ സിനിമ കണ്ട് മടങ്ങവേ ബൈക്ക് ഇടിച്ച് പരിക്കേറ്റ ഇവരുടെ മകള്‍ ലക്ഷ്മി നന്ദന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തില്‍ രശ്മിക്കും പരിക്കേറ്റിരുന്നു. ശനിയാഴ്ച രാവിലെ കൊച്ചി അമൃത ആശുപത്രിയിലേക്ക് രശ്മി നന്ദനെ മാറ്റുവാന്‍ ശ്രമം നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെതുടര്‍ന്ന് കൊണ്ടു പോകുവാനായില്ല. ഈ വിവരമറിഞ്ഞതിനെ തുടര്‍ന്നാണെന്ന് പറയുന്നു രശ്മി ആത്മഹത്യക്ക് ശ്രമിച്ചത്.
ഓടിക്കൂടിയ നാട്ടുകാര്‍ രശ്മിയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തി ഏറ്റുമാനൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. കോട്ടയത്ത് നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയപ്പോഴേക്കും ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പ്രഥമ ശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു.

Advertisements