ഒരുമിച്ച് മത്സരിച്ച കെ.എസ്.യു-എ.ബി.വി.പി മുന്നണി എട്ടു നിലയില്‍ പൊട്ടി

SFI-univ-2.jpg

തിരുവനന്തപുരം: ആര്യനാട് ഗവ. ഐ.ടി.ഐ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ച കെ.എസ്.യു-എ.ബി.വി.പി മുന്നണി എട്ടു നിലയില്‍ പൊട്ടി. മത്സരിച്ച എല്ലാ സീറ്റും എസ്.എഫ്.ഐ നേതൃത്വത്തിലുള്ള മുന്നണി വിജയം സ്വന്തമാക്കി.എ.ബി.വി.പി- കെ.എസ്.യു സഖ്യത്തിനെതിരെ മത്സരിച്ച ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന സ്ഥാനാര്‍ത്ഥികളായ ജോമോന്‍ (ചെയര്‍മാന്‍), നിജു (മാഗസിന്‍), ജിത്തു (സ്‌പോര്‍ട്‌സ്), മിഥുന്‍ (ആര്‍ട്‌സ്), അരുണ്‍ (കൗണ്‍സിലര്‍), നിഖില്‍ (ജനറല്‍ സെക്രട്ടറി) എന്നിവരാണ് വിജയിച്ചത്.
തെരഞ്ഞെടുപ്പില്‍ കെ.എസ്.യു എ.ബി.വി.പി സംഘടനകള്‍ ഒന്നിച്ചു മത്സരിക്കുന്നത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ച കെ.എസ്.യു ഐ.ടി.ഐ യുണീറ്റിനെ സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി പിരിച്ചുവിട്ടതായും ഷാഫി പറമ്പില്‍ എം.എല്‍.എ വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അറിയിച്ചിരുന്നു.എബിവിപിക്കൊപ്പം സഖ്യം ചേര്‍ന്ന് മത്സരിച്ചതിന് കെഎസ്യു ഐടിഐ യൂണിറ്റ് കെഎസ്‌യു സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി പിരിച്ചുവിട്ടതായി ഷാഫി പറമ്പില്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു.
ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബി.ജെ.പി നേതാക്കളുടെ അറിവോടെയാണ് സഖ്യമെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു. ഇരു പാര്‍ടിയിലെയും നേതാക്കള്‍ പങ്കെടുത്താണ് സീറ്റ് വിഭജനചര്‍ച്ച ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കിയതെന്നും അവര്‍ പറഞ്ഞു.ആകെയുള്ള ആറ് സീറ്റില്‍ മൂന്നെണ്ണംവീതം എ.ബി.വി.പിയും കെ.എസ്.യുവും തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു. ധാരണയുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍സ്ഥാനം വരെ എ.ബി.വി.പിക്ക് വിട്ടുനല്‍കാന്‍ കെ.എസ്.യു തയ്യാറായതായും എസ്.എഫ്.ഐ പറഞ്ഞു.
ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നതില്‍ ഒരുവിഭാഗം കെ.എസ്.യു പ്രവര്‍ത്തകര്‍ ഇടഞ്ഞതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ഇടപെട്ട് അവരെ അനുനയിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. വിദ്യാര്‍ഥി ക്യാമ്പയിന്‍പോലും ഇരുകൂട്ടരും ഒരുമിച്ചാണ് നടത്തിയത്. സ്ഥാനാര്‍ഥികളുടെ ചിത്രംവച്ച് ഫ്‌ളക്‌സ് ബോര്‍ഡ് പ്രചാരണവും വ്യാപകമായി ഇവര്‍ നടത്തിയിരുന്നു.

Advertisements