സുമുഖനായ ഡിങ്കോയിസ്റ്റ് യുവാവ് വധുവിനെ തേടുന്നു

di.jpg

കോട്ടയം:ജാതിയുടേയും മതത്തിന്റേയും വീട്ടുപേരിന്റേയുമെല്ലാം മഹിമ കാണിച്ച് വിവാഹാലോചന നടത്തുന്ന കാലത്ത് വ്യത്യസ്തനാവുകയാണ് റാസ്മിന്‍.  സുമുഖനായ ഡിങ്കോയിസ്റ്റ് യുവാവ് വധുവിനെ തേടുന്നു എന്നായിരുന്നു റാസ്മിന്‍ മാത്യഭൂമി പത്രത്തില്‍ നല്‍കിയ മാട്രിമോണിയല്‍ പരസ്യം. എംടെക് ബിരുദധാരിയും സ്വയം സംരംഭകനുമായ 29 കാരനാണ് യുവാവെന്നും പരസ്യത്തിലുണ്ട്.
ജാതിയുടെയും മതത്തിന്റേയും അതിര്‍വരമ്പുകളില്ലാതെ ജീവിക്കാനാഗ്രഹിക്കുന്ന റാസ്മിന്‍ സമാന ചിന്താഗതിയുള്ള പങ്കാളിയെ കണ്ടെത്താനായി ഒരുപാട് വിവാലോചനകള്‍ നടത്തിയെങ്കിലും നടന്നില്ല. അങ്ങനെയാണ് തന്നേപ്പോലെ ഡിങ്കോയിസ്റ്റായ വധുവിനെ അന്വേഷിച്ച് റാസ്മിന്‍ മാതൃഭൂമിയുടെ വിവാഹ മാട്രിമോണിയല്‍ കോളത്തില്‍ പരസ്യം നല്‍കുന്നത്. തൃശ്ശൂര്‍ ചേറ്റുവ സ്വദേശിയാണ് റാസ്മിന്‍. പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. പിന്നാലെ നിരവധിപേരാണ് റാസ്മിന്റെ വ്യത്യസ്തമായ വിവാഹ അന്വേഷണ പരസ്യത്തെ ഷെയര്‍ ചെയ്ത് രംഗത്തെത്തിയത്.
ഇതിനോടകം രണ്ട് പേരുടെ ഫോണ്‍ കോള്‍ വന്നെന്നും പക്ഷെ വിവാഹത്തെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും റാസ്മിന്‍ പറയുന്നു. തീവ്രമത വിശ്വാസികള്‍ വളരെയധികം എതിര്‍ക്കുന്ന വിഭാഗമാണ് ഡിങ്കോയിസ്റ്റുകള്‍ എന്നാല്‍ തനിക്കെതിരെ ഇതുവരെ ആരുടെ ഭാഗത്തു നിന്നും മോശം പ്രതികരണമുണ്ടായിട്ടില്ലെന്നും റാസ്മിന്‍ വ്യക്തമാക്കി. റാസ്മിന്റെ മാതാപിതാക്കളും മതമില്ലാതെ ജീവിക്കുന്ന ദമ്പതികളാണ്.
മതത്തിന്റെ കാര്യത്തിലെന്ന പോലെ രാജ്യത്തിന്റെ കാര്യത്തിലും റാസ്മിന് അതിരുകളില്ല. ഏത് രാജ്യത്തുനിന്നുമുള്ള ആലോചനകളും സ്വീകരിക്കുമെന്ന് റാസ്മിന്‍ പരസ്യത്തില്‍ പറയുന്നുണ്ട്. ആശയപരമായി ഡിങ്കോയിസ്റ്റാണെങ്കിലും ഡിങ്കോയിസ്റ്റ് സംഘടനകളുമായി റാസ്മിന് നേരിട്ട് ബന്ധമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements