ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിനു തിരിച്ചടി നല്കാന് ഭീകരവാദികള്‍ തക്കംപാര്‍ത്തിരിക്കുകയാണെന്നും സൈനിക ക്യാംപുകളാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ന്യൂഡല്‍ഹി: പാക്ക് ഭീകരക്യാംപുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിനു തിരിച്ചടി നല്കാന് ഭീകരവാദ ഗ്രൂപ്പുകള്‍ തയാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം നല്കി. ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിനു തിരിച്ചടി നല്കാന് ഭീകരവാദികള്‍ തക്കംപാര്‍ത്തിരിക്കുകയാണെന്നും സൈനിക ക്യാംപുകളാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണക്കാരുടെനേരെയും ആക്രമണമുണ്ടായേക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടു ജമ്മു മേഖലയില്‍നിന്നു ഗ്രാമീണരെ മുഴുവന്‍ ഒഴിപ്പിക്കുകയാണ്. ഇതിനോടകം 50,000 ഗ്രാമീണരെ സുരക്ഷിത ക്യാംപുകളിലേക്കു മാറ്റിയെന്നാണു റിപ്പോര്‍ട്ട്.
അതിനിടെ, ഇന്ത്യന്‍ ആക്രമണത്തിനുശേഷം നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ഭീകര ക്യാംപുകള്‍ പാക്കിസ്ഥാന്റെ ഉള്‍മേഖലകളിലേക്കു പിന്മാറിയെന്നും റിപ്പോര്‍ട്ടുണ്ട്. 300 ഓളം ജയ്ഷ്, ലഷ്കര്‍, ഹിസ്ബുല്‍ തീവ്രവാദികള്‍ പിന്‍വലിഞ്ഞെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഭീകരാക്രമണ സാധ്യതയെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ജനത്തിരക്കേറിയ മേഖലകള്‍, എയര്‍പോര്‍ട്ടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. അതിര്‍ത്തിയിലെ സുരക്ഷയും സൈനിക വിന്യാസവും വിലയിരുത്തുന്നതിനായി കരസേനാ മേധാവി ദല്‍ബീര്‍ സിങ് ഉത്തര, പൂര്‍വ കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തും.