ഉച്ചക്ക് രണ്ടിന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി ചെയര്മാന് കെ.എം.മാണി, വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ്, സി.എഫ് തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
കോട്ടയം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം പുകയുന്നതിനിടെ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സിറ്റിയറിങ് കമ്മിറ്റി ഇന്ന് ചേരും. ബാര്‍കോഴക്കേസിന്റെ ഗൂഢാലോചക്ക് പിന്നില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളാണെന്ന് കേരള കോണ്‍ഗ്രസ് (എം) നേതൃത്വം ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് യോഗം. ഉച്ചക്ക് രണ്ടിന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി ചെയര്മാന് കെ.എം.മാണി, വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ്, സി.എഫ് തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
ബാറുടമ ബിജുരമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത്ഫ്രണ്ട്(എം) അടക്കമുള്ള പോഷകസംഘടനകള്‍ രംഗത്ത് വന്നിരുന്നു. യു.ഡി. എഫ് സര്‍ക്കാരിനെ പൊതുജനമധ്യത്തില്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ബാര്‍ മുതലാളിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത നേതാക്കളുടെ പേരില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് യൂത്ത് ഫ്രണ്ട് പരാതിയും നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും ബിജു രമേശും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ബാര്‍കോഴ ആരോപണമെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു.
ഇതിനുപിന്നാലെ കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായയില്‍ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് ‘ഒറ്റുകാരുടെ കൂടിയാട്ടം’ എന്ന പേരില്‍ മുഖപ്രസംഗം പ്രസിദ്ധീകരിക്കുകയും ചെയ്ത. കേരള കോണ്‍ഗ്രസ് ഇടതുപക്ഷവുമായി അടുക്കുന്നുവെന്ന സൂചനകള്‍ പുറത്തുവന്നപ്പോഴാണ് ബാര്‍ കോഴ വിവാദം പൊട്ടിപ്പുറപ്പെട്ടതെന്ന കെ.എം.മാണിയുടെ സമീപകാലത്തെ വെളിപ്പെടുത്തലും കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടായിരുന്നു.
പുതിയ സാഹചര്യത്തില്‍ ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കെതിരായ ഗൂഢാലോചന അന്വേഷണിക്കാന്‍ സി.എഫ് തോമസ് അധ്യക്ഷനായ പാര്‍ട്ടി ഉപസമിതി റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും കോണ്ഗ്രസിനെതിരെയായതിനാല് വിഷയം പരിഗണിക്കുമെന്നാണ് വിവരം.
കേരള കോണ്‍ഗ്രസ് രാഷ്ട്രീയം സങ്കീര്‍ണതകളിലേക്ക് നീങ്ങുമ്പോഴും പി.ജെ.ജോസഫ് വിഭാഗം പരസ്യപ്രതികരണത്തിനൊന്നും മുതിര്‍ന്നിട്ടില്ല. ജോസഫ് വിഭാഗത്തിന്റെ മൗനമാണത്രെ കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും കേരള കോണ്‍ഗ്രസ് നേതൃത്വത്തെ പിന്നോട്ട്വലിക്കുന്നത്.