പ്രാര്‍ത്ഥനകള്‍ വിഫലം, സനലിനെ മരണം കീഴടക്കി

13510808_1183458345017760_1222552864093263123_n.jpg
കോട്ടയം: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റു ചികില്‍സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സനലിനുവേണ്ടി മനം മുരുകി പ്രാര്‍ത്ഥിച്ച എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വിഫലമാക്കികൊണ്ട് മരണത്തിന് കീഴടങ്ങി.
ന്യൂസ് 18 ടിവി ചാനല്‍ കൊച്ചി സീനിയര്‍ റിപ്പോര്‍ട്ടര്‍ വണ്ടന്‍പതാല്‍ പുളിക്കച്ചേരില്‍ സനില്‍ഫിലിപ് (33) ആണു മരിച്ചത്. നേരത്തെ റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് ടിവി ചാനലുകളിലായി ന്യൂഡല്‍ഹി, കോട്ടയം, ഇടുക്കി, കൊച്ചി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വൈക്കം ഇന്ത്യോ-അമരിക്കന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ 20ന് കോരുത്തോട് റൂട്ടിലെ പത്തുസെന്റില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് സനിലിനു പരുക്കേറ്റത്. വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അവിവാഹിതനാണ്. സംസ്‌കാരം നാളെ.ഇന്ന് രാവിലെ 10മണിയോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍്തതിയാക്കി മുണ്ടക്കയത്തെ വിട്ടിലേയ്ക്ക് മൃതദേഹം കൊണ്ടു പോകും.

Advertisements

ചെറുവള്ളി എസ്റ്റേറ്റില്‍ മനുഷ്യാവകാശ ലംഘനവും മതപീഡനവും നടക്കുന്നതായി ബി.ജെ.പി

Flag_of_the_Bharatiya_Janata_Party

കോട്ടയം:  ബിഷപ്പ് കെ.പി. യോഹന്നാന്റെ കൈവശമുള്ള എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കുനേരെ മനുഷ്യാവകാശ ലംഘനങ്ങളും മതപീഡനവും നടക്കുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി. ഇതിനെതിരെ തൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ പോലീസ് നിഷ്‌ക്രിയത്വം കാട്ടുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ 29ന് രാവിലെ 10ന് ബിജെപി എരുമേലി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.
കോട്ടയം പ്രസ്സ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. തൊഴിലാളികളെ വിവിധ തരത്തില്‍ പീഡിപ്പിക്കുന്ന തോട്ടം കൈവശക്കാര്‍ ആരാധനാ കേന്ദ്രങ്ങള്‍ ഇല്ലായ്മചെയ്ത് മതപീഡനം നടത്തുകയാണ്. രോഗികളായ ജീവനക്കാര്‍ക്ക് ലഘുജോലികള്‍ നല്‍കി പരിരക്ഷിക്കുന്ന കീഴ്പതിവ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച ജീവനക്കാരെ വിവിധ കാരണങ്ങള്‍ പറഞ്ഞ് പീഡിപ്പിക്കുന്നു. രോഗികളായ ജീവനക്കാര്‍ക്കുമേല്‍ കഠിനജോലികള്‍ അടിച്ചേല്‍പ്പിക്കുന്നു. സമരത്തിന് നേതൃത്വം നല്‍കിയ പ്രഭാകരന്‍ എന്ന തൊഴിലാളിയുടെ തൊഴില്‍ നിഷേധിച്ചു. പക്ഷാഘാതം പിടിച്ച് ഏറെ ശാരീരീക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ബാബുവിനെയും നിര്‍ബ്ബന്ധിച്ച് കഠിനജോലികള്‍ ചെയ്യിപ്പിക്കുന്നതായും പരാതിയുണ്ട്. വിവിധ മതവിഭാഗങ്ങളുടെ ആരാധാനലയങ്ങളുള്ള തോട്ടത്തില്‍ ക്ഷേത്രങ്ങള്‍ തകര്‍ത്ത് തൊഴിലാളികള്‍ക്കിടയില്‍ മതസ്പര്‍ദ്ദ വളര്‍ത്താനും കൈവശക്കാര്‍ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. തൊഴിലാളികളെക്കൊണ്ട് കഠിനജോലി ചെയ്യിപ്പിക്കുന്നതും ആരാധനാ കേന്ദ്രങ്ങല്‍ തകര്‍ക്കുന്നതും തൊഴിലാളികള്‍ സ്വയം പിരിഞ്ഞുപോകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാനാണെന്നും ഹരി ആരോപിച്ചു.
എസ്റ്റേറ്റ് സ്ഥാപിക്കുന്നതിനും മുമ്പായി മലയരയന്മാര്‍ ആരാധിച്ചിരുന്നതും ഇപ്പോള്‍ തോട്ടം തൊഴിലാളികളായ തമിഴ് വംശജര്‍ നിത്യപൂജ നടത്തിപോരുന്നതുമായ ശ്രീയമ്മന്‍ വടക്കത്തിയമ്മന്‍ കാവിലെ വിളക്കുതറ കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ച് തകര്‍ത്തിരുന്നു. ക്ഷേത്രത്തിന്റെ ശകലങ്ങളും, വിളക്കുകളും, കല്ലുകളും നശിപ്പിച്ചു. എസ്റ്റേറ്റ് മാനേജര്‍ ജെ.സി. ഫിലിപ്പിന്റെ നേതൃത്വത്തില്‍ കാലങ്ങളായി തുടരുന്നതാണ് തൊഴിലാളിപീഡനവും ആരാധനാ കേന്ദ്രങ്ങള്‍ തകര്‍ക്കുന്ന നടപടികളും. പൂവന്‍പാറ ക്ഷേത്രത്തിന്റെ ഭാഗമായ കൊല്ലനോലി കാവും കുളവും കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ നീക്കം ചെയ്തിരുന്നു. ക്ഷേത്ര ഊട്ടുപുരയുടെ നിര്‍മ്മാണം തടയാനും ഇയാള്‍ ശ്രമിച്ചിരുന്നു. ജില്ലാ കളക്ടറുടെ മദ്ധ്യസ്ഥയിലാണ് പിന്നീട് പ്രശ്നം ഒത്തുതീര്‍ന്നത്. എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള പഞ്ചതീര്‍ത്ഥക്കുളത്തില്‍ പിതാവിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനെത്തിയ തൊഴിലാളിയുടെ കയ്യില്‍നിന്നും ചിതാഭസ്മം തട്ടിത്തെറിപ്പിച്ച ഫിലിപ്പിന്റെ നടപടയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. പഞ്ചതീര്‍ത്ഥക്ഷേത്രത്തിന്റെ ഊ്ടടുപുരയും ശുചിമുറിയും നശിപ്പിച്ച കേസ്സിലും മാനേജര്‍ ഫിലിപ്പ് പ്രതിയാണ്. മതസ്പര്‍ദ്ദവളര്‍ത്തുകയും തൊഴിലാളികളെ പീഡിപ്പിക്കുകയും ചെയ്യുന്ന കുറ്റക്കാര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി കേസ്സെടുക്കാന്‍ പോലീസ് തയ്യാറാവണമെന്നും ഹരി ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്, പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എ.സി. അജിത് എന്നിവര്‍ പങ്കെടുത്തു.

മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കും:യൂത്ത് ഫ്രണ്ട്( എം)

k m - p j

കോട്ടയം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയരായ മൂന്ന് കോണ്‍ഗ്രസ്  നേതാക്കള്‍ക്കെതിരെ സോണിയാ ഗാന്ധിക്കും കെ.പി.സി.സി പ്രസിഡന്റിനും പരാതി നല്‍കുമെന്നു യൂത്ത് ഫ്രണ്ട്( എം). യു.ഡി.എഫ് മന്ത്രി സഭയിലെ മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍,കെ.ബാബു എന്നിവര്‍ക്കെതിരെയാണ്  പരാതി നല്‍കുന്നത്. പരാതിയില്‍ നീതി ലഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ കോട്ടയത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബാര്‍ കോഴ കേസില്‍ അടൂര്‍ പ്രകാശും ബിജു രമേശും തമ്മിലുള്ള ഡൂഢാലോചന അന്വേഷിക്കണം.കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉണ്ടായിട്ടും കെ.എം.മാണിക്കെതിരെ മാത്രം കേസ് രജിസ്റ്റര്‍ ചെയ്ത് എന്തുകൊണ്ടാണെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണം. ബാര്‍കോഴ കേസ് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നടത്തി അന്വേഷണ റിപ്പോര്‍ട്ട് അടുത്ത സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വെച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണത്തില്‍ ഗൂഢാലോചനയില്‍ ചെന്നിത്തലയുടെ പങ്ക് തെളിഞ്ഞാല്‍ പ്രതിപക്ഷ സ്ഥാനത്തു നിന്നു മാറി നില്‍ക്കണം. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തിയത്. ഇതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവാകാനുള്ള മത്സരമാണ് കോണ്‍ഗ്രസിനുള്ളില്‍ നടന്നതെന്നും അദേഹം കുറ്റപ്പെടുത്തി.

മൂര്‍ഖന്റെ കടിയേറ്റ് പാമ്പ് പിടുത്തക്കാരന്‍ മരിച്ചു

Pambu kadich Erumely.jpg

കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുക്കട വാകത്താനം മാന്തറയില്‍ രാജേഷ് (ബിജു 43) ഇന്നലെ പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.മുറിവേറ്റ മൂര്‍ഖനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് ബിജുവിനു കടിയേറ്റത്. തിങ്കളാഴ്ച രാവിലെ 11ന് പൊന്തന്‍പുഴ മൃഗാശുപത്രിയില്‍വച്ചാണ് ചികിത്സ നല്‍കാനായി മൂര്‍ഖനെ ചാക്കിനുള്ളില്‍നിന്നു പുറത്തെടുക്കുന്നതിനിടെ ബിജുവിന്റെ കൈത്തണ്ടകളില്‍ കടിയേറ്റത്.
ഉടന്‍തന്നെ വനപാലകര്‍ തങ്ങളുടെ ജീപ്പില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും വൈകുന്നേരത്തോടെ നില വഷളാകുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യയും മൂന്നു മക്കളും ഉള്‍പ്പെടുന്ന നിര്‍ധന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു കൂലിപ്പണിക്കാരനായ ബിജു.
നാഷണല്‍ ജോഗ്രഫിക്കല്‍ ചാനലില്‍ പാമ്പുകളുടെ ജീവിതരീതികളും അവയെ പിടികൂടുന്നതും കണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പേ പാമ്പുപിടിത്തത്തില്‍ ആകൃഷ്ടനാകുകയായിരുന്നു. പാമ്പുകളെ പിടികൂടി ആളുകളുടെ ഭീതി അകറ്റുകയും ശരിയായ ആവാസസ്ഥലം കണ്ടെത്തി അവയെ തുറന്നുവിടുകയും ചെയ്തിരുന്നു. രണ്ടായിരത്തില്‍പ്പരം പാമ്പുകളെ പിടികൂടിയ ബിജു ഇതെല്ലാംതന്നെ നാട്ടുകാര്‍ക്കും വനപാലകര്‍ക്കുംവേണ്ടിയായിരുന്നു. ആഴമേറിയ കിണറ്റില്‍നിന്നും വരെ സാഹസികമായി ഇറങ്ങി പാമ്പുകളെ പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞദിവസം ചേത്തയ്ക്കല്‍ പുത്തന്‍പുരയ്ക്കല്‍ എലിഫന്റ് സ്‌ക്വാഡിലെ അംഗം എം.ആര്‍. ബിജുവിന്റെ പുരയിടത്തില്‍നിന്നാണ് പെണ്‍വര്‍ഗത്തില്‍പ്പെട്ട ഒമ്പതു വയസ് പ്രായവും ആറര അടി നീളവുമുള്ള സ്പെക്ടക്കില്‍ കോബ്രാ എന്ന കരിമൂര്‍ഖനെ ബിജു പിടികൂടിയത്. ജെസിബി ഉപയോഗിച്ച് പുരയിടം കിളയ്ക്കുന്നതിനിടെ കണ്ടെത്തിയ കരിമൂര്‍ഖന് ജെസിബിയുടെ ബ്ലേഡ് കൊണ്ട് മുറിവേറ്റിരുന്നു. മുട്ടകള്‍ വിരഞ്ഞ് ജനിക്കുമ്പോള്‍ത്തന്നെ കുഞ്ഞുങ്ങള്‍ പരസ്പരം ആക്രമിച്ച് കൊന്നൊടുക്കുന്ന ഏറ്റവും അപകടകാരിയായ കരിമൂര്‍ഖനെ ചികിത്സിക്കാന്‍ ശ്രമിച്ചതാണ് ബിജുവിന് വിനയായത്. മ്യതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ രേഖ,മക്കള്‍ സസന്യ,ശരണ്യ,ജോതിഷ്.സംസ്‌കാരം നാളെ മുക്കട വാകത്താനം ഹോളി ഫാമിലി ചര്‍ച്ചില്‍ നടക്കും.

തിരുവനന്തപുരത്തും പാലക്കാട്ടും രണ്ടു കുടുംബത്തിലെ എട്ടു പേര്‍ മരിച്ച നിലയില്‍

800x480_IMAGE51366886

തിരുവനന്തപുരം/പാലക്കാട്: രണ്ടു ജില്ലകളിലായി രണ്ടു കുടുംബങ്ങളില്‍ പെട്ട എട്ട് അംഗങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട്ട് ബാലകൃഷ്ണനെയും കുടുംബാംഗങ്ങളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ തിരുവനന്തപുരത്ത് ശ്രീകുമാര്‍ എന്നയാളുടെ കുടുംബത്തിലെ നാലു പേരാണ് മരണത്തിന് കീഴടങ്ങിയത്.

തിരുവനന്തപുരം തോന്നയ്ക്കലില്‍ ശ്രീകുമാര്‍ (42) ശോഭ (36) വൈഗ(ആറ്), ഡാന്‍ (ഒന്ന്)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട്ട് കുഴല്‍മന്ദത്ത് ഇരട്ടപ്പെണ്‍കുട്ടികളും മാതാപിതാക്കളുമാണ് മരണത്തിന് കീഴടങ്ങിയത്. മാത്തൂര്‍ നെല്ലിയംപറമ്പ് ബാലകൃഷ്ണന്‍ (60), ഭാര്യ രാധാമണി (53), ഇവരുടെ ഇരട്ടപ്പെണ്‍മക്കള്‍ ദൃശ്യ (20), ദര്‍ശന (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കാണ് കാരണമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

മകന്‍ ദ്വിഗ്രാജ് ഞായറാഴ്ച രാത്രി 9.30 യോടെ വീട്ടില്‍ എത്തിയപ്പോള്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെയ്ന്റിംഗ് തൊഴിലാളിയാണ് ബാലകൃഷ്ണന്‍. ദൃശ്യ ബിരുദ വിദ്യാര്‍ത്ഥിനിയും ദര്‍ശന നഴ്സിംഗ് വിദ്യാര്‍ത്ഥിയുമാണ്.

ചിലെ തന്നെ കോപ്പയിലെ രാജാക്കന്‍മാര്‍;

ഷൂട്ടൗട്ടില്‍ മെസ്സി പെനല്‍റ്റി പാഴാക്കി

Lionel-Messi-(C).jpg.image.784.410.jpg

 

 
ന്യൂജേഴ്‌സി: ചിലെ! ചിലെ! ചിലെ! ചിലെ തന്നെ കോപ്പയിലെ രാജാക്കന്‍മാര്‍. കോപ്പ അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം നേടിയ കിരീടം കോപ്പയുടെ ശതാബ്ദി ടൂര്‍ണമെന്റിലും നിലനിര്‍ത്തിയ ചിലെ, അക്ഷരാര്‍ഥത്തില്‍ രാജാക്കന്‍മാരായി. അതും തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കിരീടമില്ലാതെ മടങ്ങാന്‍ വിധിക്കപ്പെട്ട ഫുട്‌ബോളിന്റെ രാജകുമാരന്‍ ലയണല്‍ മെസ്സിയെ സാക്ഷിനിര്‍ത്തി. മല്‍സരവേദിയും ഫലം നിര്‍ണയിച്ച രീതിയും സ്‌കോറും മാറിയെങ്കിലും പോരടിച്ച ടീമുകളും ഫലവും ആവര്‍ത്തിച്ചു. ചിലെയിലെ സാന്തിയാഗോയിലെ 4-1ന് ഷൂട്ടൗട്ടില്‍ നേടിയ കിരീടം യുഎസിലെ ന്യൂജേഴ്‌സിയില്‍ 4-2ന് ചിലെ നിലനിര്‍ത്തി. ഷൂട്ടൗട്ടില്‍ പന്ത് പുറത്തേക്കടിച്ച ലയണല്‍ മെസ്സി ദുരന്തനായകനുമായി. മുഴുവന്‍ സമയത്തും ഇരുടീമുകള്‍ക്കും ഗോളുകളൊന്നും നേടാനായിരുന്നില്ല. ബ്രസീലിന് ശേഷം കോപ്പ അമേരിക്കയില്‍ കിരീടം നിലനിര്‍ത്തുന്ന രാജ്യമാണ് ചിലെ.

കിരീടമില്ലാത്ത രാജകുമാരനെന്ന മെസ്സിയുടെ പേരുദോഷം തുടര്‍ന്നപ്പോള്‍ 23 വര്‍ഷങ്ങള്‍ക്കുശേഷം ഒരു മേജര്‍ കിരീടമെന്ന അര്‍ജന്റീനയുടെ സ്വപ്നം വീണ്ടും മറ്റൊരു ഫൈനലിന്റെ പടിക്കല്‍ വീണുടഞ്ഞു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഒരു പ്രമുഖ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അര്‍ജന്റീന തോല്‍വി രുചിക്കുന്നത്. 2014ല്‍ ബ്രസീല്‍ ആതിഥ്യം വഹിച്ച ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ജര്‍മനിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ അര്‍ജന്റീന, കഴിഞ്ഞ വര്‍ഷം നടന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ഫൈനലില്‍ ആതിഥേയരായ ചിലെയോട് ഷൂട്ടൗട്ടില്‍ തോല്‍ക്കുകയായിരുന്നു.

ലാറ്റിനമേരിക്കന്‍ സൗന്ദര്യമെന്നതൊക്കെയൊരു സങ്കല്‍പമായി മാറുകയാണെന്ന വിശ്വാസത്തെ അരിക്കിട്ടുറപ്പിക്കുന്നതായിരുന്നു ന്യൂജേഴ്‌സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലെ കാഴ്ച. വന്‍കരയിലെ രണ്ടു പ്രമുഖ ശക്തികള്‍ മുഖാമുഖം വന്ന മല്‍സരം ശ്രദ്ധ നേടിയതു താരങ്ങളുടെ പരുക്കന്‍ അടവുകളിലൂടെയും റഫറിയുടെ മണ്ടന്‍ തീരുമാനങ്ങളിലൂടെയും. ആദ്യപകുതിയില്‍തന്നെ രണ്ടു ചുവപ്പുകാര്‍ഡുകള്‍ പുറത്തെടുത്ത ബ്രസീലിയന്‍ റഫറി ഹെബര്‍ ലോപ്പസ്, ‘മഞ്ഞക്കാര്‍ഡുകളിലൂടെയും’ ശ്രദ്ധനേടി. ആദ്യ പകുതിയില്‍ അഞ്ചു മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്.
ഗോളെന്നുറപ്പിക്കാവുന്ന മൂന്ന് അവസരങ്ങളാണ് മല്‍സരത്തിലാകെ പിറന്നത്. ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കുമായി ലഭിച്ച മികച്ചതെന്ന് പറയാവുന്ന ഏക അവസരം തേടിയെത്തിയത് ഹിഗ്വയിനെ. സെമിയില്‍ യുഎസ്എയ്‌ക്കെതിരെ നേടിയ രണ്ടാം ഗോളിന് സമാനമായിരുന്നു ഹിഗ്വയിന് ലഭിച്ച അവസരം. അപ്പോള്‍ കളിക്ക് പ്രായം 23 മിനിറ്റ്. എതിര്‍ടീം കളിക്കാരന്റെ ബാക്ക്പാസ് പിടിച്ചെടുത്ത് മുന്നേറിയ ഹിഗ്വയിന്‍ ഗോളിമാത്രം മുന്നില്‍ നില്‍ക്കെ തൊടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയി. 28-ാം മിനിറ്റില്‍ത്തന്നെ മല്‍സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട അല്‍ഫോന്‍സോ ഡയസ് റോജാസ് പുറത്തുപോയതോടെ ചിലെ 10 പേരായി ചുരുങ്ങി. 43-ാം മിനിറ്റില്‍ ചിലെ താരം വിദാലിനെ ഫൗള്‍ ചെയ്‌തെന്ന് കാട്ടി അര്‍ജന്റീന താരം മാര്‍ക്കോസ് ആല്‍ബര്‍ട്ടോ റോജോയ്ക്ക് റഫറി സ്‌ട്രൈറ്റ് ചുവപ്പുകാര്‍ഡ് നല്‍കിയതോടെ ഇരുടീമുകളിലും 10 പേര്‍വീതം.

രണ്ടാം പകുതിയില്‍ റഫറി ‘നല്ല കുട്ടി’യായതോടെ കാര്‍ഡുകളുടെ എണ്ണം കുറഞ്ഞു. രണ്ടാം പകുതിയില്‍ ആകെ വന്നത് രണ്ടുകാര്‍ഡുകള്‍. കളിയില്‍ പക്ഷേ കാര്യമായ വ്യത്യാസമൊന്നും വന്നില്ല. ചിലെ പതിവുപോലെ ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ കരുപ്പിടിപ്പിച്ചപ്പോള്‍ അപ്പുറത്ത് മെസ്സി പന്തുതൊട്ടപ്പോഴെല്ലാം ചിലെ താരങ്ങള്‍ കൂട്ടമായെത്തി പന്തുറാഞ്ചി. ഒടുവില്‍ 90 മിനിറ്റ് പിന്നിടുമ്പോഴും സമനിലക്കെട്ട് അതേപടി തുടര്‍ന്നതോടെ മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക്.

എക്‌സ്ട്രാ ടൈമില്‍ ഇരുടീമുകള്‍ക്കും രണ്ട് മികച്ച അവസരങ്ങള്‍ ലഭിച്ചു. 99-ാം മിനിറ്റില്‍ ആദ്യ അവസരം വന്നത് ചിലെയുടെ വഴിക്ക്. പന്തുമായി കുതിച്ചെത്തി പുച്ച് നല്‍കിയ തകര്‍പ്പന്‍ ക്രോസില്‍ വര്‍ഗാസിന്റെ കിടിലന്‍ ഹെഡര്‍. പോസ്റ്റിലേക്ക് നീങ്ങിയ പന്ത് അര്‍ജന്റീന ഗോളി റൊമേരോ പറന്നു പിടിച്ചു. രണ്ടു മിനിറ്റിനുള്ളില്‍ അതിലും മികച്ചൊരു അവസരം ലഭിച്ചു അര്‍ജന്റീനയ്ക്ക്. കോര്‍ണറില്‍ നിന്നുവന്ന പന്തില്‍ സെര്‍ജിയോ അഗ്യൂറോയുടെ കിറുകൃത്യം ഹെഡര്‍. ക്രോസ്ബാറിന് തൊട്ടുതാഴേക്കൂടി വലയിലേക്ക് പതിക്കാനൊരുങ്ങിയ പന്തിനെ കുത്തിപ്പുറത്താക്കിയ ചിലെ ഗോളി ക്ലോഡിയോ ബ്രാവോയുടെ സേവിനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ അശക്തം.

നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു

kavalam

തിരുവനന്തപുരം: നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ (88) അന്തരിച്ചു. ഇന്നലെ രാത്രി പത്തുമണിയോടെ തിരുവനന്തപുരം തിരുമല തൃക്കണ്ണാപുരത്തെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. തനതു നാടകവേദിയെ രൂപപ്പെടുത്തിയ നാടകാചാര്യനാണ് കാവാലം. തനതു നാടോടി കലാരൂപങ്ങളെ മലയാള നാടകവേദിയിലേക്ക് ഉള്‍ച്ചേര്‍ത്തു. അവനവന്‍ കടമ്പ, ദൈവത്താര്‍, സാക്ഷി എന്നിവയാണ് പ്രമുഖ നാടകങ്ങള്‍.മലയാള തനതു നാടക പ്രസ്ഥാനത്തിനു രൂപഭംഗിയും ഉണര്‍വും പകര്‍ന്നു നല്‍കിയ കാവാലം കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായും നാടക സങ്കേതങ്ങളായ തിരുവരങ്ങിന്റെയും സോപാനത്തിന്റെയും ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ കാവാലത്ത് ഗോദവര്‍മ്മയുടെയും കുഞ്ഞു ലക്ഷ്മിയുടെയും മകനായി 1928 ഏപ്രില്‍ 28നായിരുന്നു ജനനം.
കാളിദാസന്റെയും ഭാസന്റെയും സംസ്‌കൃത നാടകങ്ങള്‍ പരിഭാഷപ്പെടുത്തി. മധ്യമവ്യായോഗം, വിക്രമോര്‍വശീയം, ശാകുന്തളം, കര്‍ണഭാരം തുടങ്ങിയവ അരങ്ങിലെത്തിച്ചു. ആലായാല്‍ തറവേണം, കറുകറെ കാര്‍മുകില്‍, കുമ്മാട്ടി എന്നിവ കാവാലത്തിന്റെ ഗാനങ്ങളാണ്. സംഗീതനാടക അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. രതിനിര്‍വേദം എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങള്‍ എഴുതിക്കൊണ്ട് സിനിമാ രംഗത്തെത്തി.തുടര്‍ന്നു വാടകയ്ക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, പടയോട്ടം, ചില്ല്, സൂര്യന്‍, വിടപറയും മുമ്പേ, ആമ്പല്‍പ്പൂവ്, വേനല്‍, സ്വത്ത്, പവിഴമുത്ത്, പെരുവഴിയമ്പലം, തമ്പുരാട്ടി, തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചു. 1978 ലും 1982ലും മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ശാരദമണിയാണ് ഭാര്യ. പ്രമുഖ ഗായകന്‍ കാവാലം ശ്രീകുമാര്‍, കാവാലം ഹരികൃഷ്ണന്‍ എന്നിവരാണ് മക്കള്‍. കാവാലത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

ആതിരപ്പിള്ളി പദ്ധതിക്ക് ബദല്‍ തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

athirappilly

കോട്ടയം: ആതിരപ്പിള്ളി പദ്ധതിക്ക് ബദലായി എല്‍ഇഡി ബള്‍ബുകള്‍ നിര്‍ദേശിച്ച കൊണ്ടുള്ള ധനമന്ത്രി തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക്‌പോസ്റ്റിന് വന്‍ പ്രചാരം. ഇതിനകകം നാല്‍പ്പതിനായിരം ലൈക്കുകള്‍ ഈ പോസ്റ്റിന് കിട്ടിയതായിട്ടാണ് വിവരം.സംസ്ഥാനത്തെ സി.എഫ്.എല്‍ ബള്‍ബുകള്‍ മാറ്റി പകരം എല്‍.ഇ.ഡി ബള്‍ബുകള്‍ ആക്കിയാല്‍ ആതിരപ്പിള്ളി പദ്ധതിശേഷിയുടെ ഒന്നര ഇരട്ടി വൈദ്യൂതി ലാഭിക്കാനാകുമെന്നാണ് തോമസ് ഐസക് ഫെയ്‌സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ആതിരപ്പിള്ളി പദ്ധതിയുടെ ശേഷി 150170 ആണ്. പ്രതീക്ഷിക്കുന്ന ചെലവ് 1500 കോടിയും എന്നാല്‍ എല്‍ഇഡി നല്‍കിയാല്‍ 2250 കോടി മുടക്കി നിര്‍മ്മിക്കുന്ന പദ്ധതിയില്‍ നിന്നും കിട്ടുന്നത്ര വൈദ്യൂതി കിട്ടും. പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആയിരത്തോളം പേര്‍ ഷെയര്‍ ചെയ്ത പോസ്റ്റിന് അരലക്ഷത്തോളം ലൈക്കുകളാണ് കിട്ടിയിട്ടുണ്ട്.
കേരളത്തിലെ വീടുകളിലും നഗരങ്ങളിലുമായി 90 ശതമാനം സി.എഫ്.എല്‍ ഉണ്ടെന്നാണ് കണക്ക്. 4 ആകെ നാലരക്കോടി സി.എഫ്.എല്‍ ബള്‍ബുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇതിന് പകരം എല്‍.ഇ.ഡി ബള്‍ബുകള്‍ കൊടുത്താല്‍ 265 മെഗാവാട്ട് വൈദ്യൂതി ലാഭിക്കാമെന്നും ഇതിന് വേണ്ടി വരുന്നത് 250 കോടി രൂപ മാത്രമാണെന്നും പറയുന്നു. ഫിലമെന്റ് ബള്‍ബിന് 40 വാട്ട് വൈദ്യുതി വേണ്ടപ്പോള്‍ സി.എഫ്.എല്‍ ബള്‍ബിന് 15 വാട്ട് മത്. അത് എല്‍.ഇ.ഡിയായാല്‍ 9 വാട്ടും മതിയാകും.

കോണ്‍ഗ്രസ് വീണ്ടും യുദ്ധക്കളമാകുമോ?

ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തില്‍

maxresdefault.jpg

തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ മകളുടെയും മുന്‍ മന്ത്രി അടൂര്‍ പ്രകാശ് എംഎല്‍എയുടെ മകന്റെയും വിവാഹ നിശ്ചയം കോണ്‍ഗ്രസില്‍ വീണ്ടുമൊരു യുദ്ധത്തിനു വഴിമരുന്നിടുന്നു. വിവാഹനിശ്ചയവിവാദത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയം കൂടി ഉള്‍ച്ചേര്‍ന്നതോടെ കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിക്കുകൂടി കളമൊരുങ്ങുന്നുവോ എന്ന സംശയമാണ് രാഷ്ട്രീയനിരീക്ഷകര്‍ക്ക്.

നിശ്ചയത്തില്‍ പങ്കെടുത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പരസ്യമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ രംഗത്തുവന്നതാണ് പുതിയ വിവാദത്തിനു വഴിമരുന്നിട്ടത്. സുധീരന്റെ നടപടിക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിഐക്യം തകര്‍ക്കുന്ന തരത്തിലുള്ള പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം സുധീരന്‍ ലംഘിച്ചെന്നും ഇത് അച്ചടക്കലംഘനമാണെന്നുമാണ് പരാതി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വി സുധീരനെതിരായ ആയുധമാക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിന് ഹൈക്കമാന്‍ഡ് വഴങ്ങിയില്ല. ആ പരാജയത്തിന്റെ കയ്പ് ഇനിയും തീര്‍ന്നിട്ടില്ലാത്തതിനാല്‍ സുധീരനെതിരെയുള്ള പുതിയ പടയൊരുക്കത്തിന് മൂര്‍ച്ച കൂടുമെന്നുറപ്പ്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കിയ ബിജുവിന്റെ മകളുടെ വിവാഹനിശ്ചയത്തിന് പ്രമുഖനേതാക്കള്‍ പോയത് അനുചിതമായെന്നാണ് സുധീരന്റെ വാദം. നേതാക്കള്‍ നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാല്‍ അത്തരമൊരഭിപ്രായം പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍ വേണമായിരുന്നു എന്നാണ് കോണ്‍ഗ്രസിലെ മറ്റു പല നേതാക്കളുടെയും അഭിപ്രായം. അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങിനെത്തിയത് അടൂര്‍ പ്രകാശിന്റെ ക്ഷണമനുസരിച്ചായിരുന്നെന്നാണ് ബിജു രമേശ് പ്രതികരിച്ചത്.

കഴിഞ്ഞ യു!ഡിഎഫ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ബാര്‍കോഴ ആരോപണമുയര്‍ത്തിയത് ബിജുവായിരുന്നു. അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കും എക്‌സൈസ് മന്ത്രി കെ. ബാബുവിനും എതിരെ ഉയര്‍ന്ന ആരോപണത്തിന്റെ മുനകള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നേര്‍ക്കും നീണ്ടിരുന്നു. രണ്ടു മന്ത്രിമാരുടെ രാജി വരെയെത്തിയ വിവാദമാണ് തിരഞ്ഞെടുപ്പില്‍ യു!ഡിഎഫിന്റെ പരാജയകാരണങ്ങളിലൊന്നെന്ന് കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ അഭിപ്രായമുയര്‍ന്നിരുന്നു.

തിരഞ്ഞെടുപ്പു സീറ്റ് ചര്‍ച്ചയില്‍ത്തന്നെ എ, ഐ ഗ്രൂപ്പുകളും സുധീരനുമായി കൊമ്പുകോര്‍ത്തിരുന്നു. പിന്നീട്, ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് നേതാക്കള്‍ പറഞ്ഞിരുന്നതെങ്കിലും മുറിവുകള്‍ ഉണങ്ങിയിരുന്നില്ലെന്ന് തിരഞ്ഞെടുപ്പിനുശേഷമുള്ള നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കി. കെ. ബാബു സുധീരനെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്. രണ്ടു ഗ്രൂപ്പുകളും സുധീരനെ പ്രതിക്കൂട്ടില്‍നിര്‍ത്താനാണ് തുനിഞ്ഞതെങ്കിലും അതിനെയൊക്കെ അതിജീവിച്ച്, ഹൈക്കമാന്‍ഡിന്റെ ആശീര്‍വാദത്തോടെ കേരളത്തിലെ കോണ്‍ഗ്രസിനെ പുനഃസംഘടിപ്പിക്കാനാണ് സുധീരന്റെ നീക്കം.

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ രമേശ് ചെന്നിത്തലയും സുധീരനും രണ്ടുതട്ടിലായിരുന്നു. കേരളത്തെ മദ്യാലയമാക്കി മാറ്റാനാണ് നീക്കമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചപ്പോള്‍ ലഹരിരംഗത്തെ സംഘടിത ശക്തികളാണ് നയംമാറ്റത്തിന് പിന്നിലെന്നായിരുന്നു വി.എം.സുധീരന്റെ പ്രതികരണം. തിരഞ്ഞെടുപ്പിനുപിന്നാലെ നിര്‍ത്തിവയ്ക്കപ്പെട്ട പോര് വീണ്ടും ആരംഭിക്കുന്നതിന്റെ തെളിവാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

വിവാഹവസ്ത്രമെടുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയ യുവതി കാമുകനൊപ്പം മുങ്ങി

loversd.jpg
നഗരമധ്യത്തില്‍ ബൈക്ക് മറിഞ്ഞതോടെ സംഗതി പൊളിഞ്ഞു, ചങ്ങനശേരി ടൗണിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്

കോട്ടയം: നഗരമധ്യത്തില്‍ വച്ച് മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് കാമുകനൊത്ത് മുങ്ങാന്‍ ശ്രമിച്ച യുവതിയെ പിടികൂടി. കാമുകനൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിനിടയില്‍ ബൈക്ക് മറിഞ്ഞുവീണതോടെയാണ് ഇരുവരുടെയും മുങ്ങല്‍ പൊളിഞ്ഞത്. ചങ്ങനാശേരി സെന്‍ട്രല്‍ ജംക്ഷനില്‍ കഴിഞ്ഞദിവസമാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.

സംഭവം ഇങ്ങനെ: വിവാഹ വസ്ത്രം എടുക്കാന്‍ പ്രമുഖ വസ്ത്രവ്യാപാരശാലയില്‍ എത്തിയതായിരുന്നു യുവതിയും ബന്ധുക്കളും. നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് കാമുകന്‍ ബൈക്കില്‍ കടയ്ക്ക് മുന്നിലെത്തുകയും ചെയ്തു. ഇതിനിടെയാണ് ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് കാമുകനൊപ്പം മുങ്ങാന്‍ യുവതി ശ്രമിച്ചത്. ബൈക്കില്‍ കയറി പായുന്നതിനിടയില്‍ സെന്‍ട്രല്‍ ജംക്ഷനില്‍ വച്ച് ചുരിദാറിന്റെ ഷാള്‍ ബൈക്കിന്റെ ടയറില്‍ കുരുങ്ങി യുവതി നിലത്തുവീണു. എന്നാല്‍ ജംക്ഷന്‍ കടന്ന് മുന്നോട്ടുപോയശേഷമാണ് വിവരം കാമുകനറിയുന്നത്. ഈ വെപ്രാളത്തിനിടയില്‍ ബൈക്ക് മറിഞ്ഞ് ഇയാളും നിലത്തുവീണു. ഇവിടെ നിന്ന് എഴുന്നേറ്റ് യുവതിയുടെ അടുത്തേക്ക് ഓടിയെത്തിയപ്പോള്‍ മാല മോഷ്ടിച്ചോടിയതാണെന്ന് കരുതി നാട്ടുകാരില്‍ ചിലര്‍ കാമുകനെ തടഞ്ഞുവച്ചു. ജംഗ്ഷനില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പൊലീസുകാരും മോഷ്ടാവാണെന്ന് കരുതി യുവാവിനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു.

യുവതിയെ കാണാതായതോടെ ഓടിയെത്തിയ ബന്ധുക്കള്‍ സ്ഥലത്തെത്തിയതോടെയാണ് എല്ലാവരും വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് ഇരുവരെയും ബന്ധുക്കളെയും സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. പിന്നീട് പ്രശ്നം പറഞ്ഞവസാനിപ്പിച്ച് വൈകിട്ടോടെ അവരവരുടെ വീടുകളിലേക്കു പറഞ്ഞയ്ക്കുകയായിരുന്നു.
കറുകച്ചാല്‍ ചമ്പക്കര സ്വദേശിനിയായ യുവതിയുടെ വിവാഹം അടുത്ത മാസമാണ് നിശ്ചയിച്ചിരിക്കുന്നത്. സൗത്ത് പാമ്പാടി കുറ്റിക്കല്‍ സ്വദേശിയാണ് യുവാവ്.